Wednesday, July 11, 2012

ഭക്ഷണം പാഴാക്കരുത്




ഉണക്ക റൊട്ടി കഴിച്ച് കഴിച്ച് മടുത്തെന്നു
പരാതി പറയുന്ന ചേരിയിലെ കുട്ടി.
അച്ഛനവന് സോമാലിയയിലെ കഥ പറഞ്ഞു കൊടുത്തു.

യൂറോപ്യന്‍ ക്ലോസെറ്റും ബര്‍ഗറും ഹോട്ട് ഡോഗും
കണ്ടിട്ടില്ലാത്ത സ്ലംഡോഗ് കുഞ്ഞുങ്ങളെയോര്‍ത്തു 
സങ്കടപ്പെട്ട്  ഡാനി ബോയിലിന്റെ നാട്ടുകാര്‍
പോപ്കോണ്‍ കടിച്ചമര്‍ത്തുന്നു.

ടി. വിയില്‍ ഡാനി ബോയിലും ഓസ്കാര്‍ ശില്പവും
ചിരിക്കുന്നത് കണ്ടു ഞാന്‍ ഊണ് കഴിക്കാനിരുന്നു.
'ശേരി'മീനിന്റെ പാര്‍സല്‍ പൊതിയഴിച്ചു.
ചത്ത മീനിന്റെ ചത്തിട്ടില്ലാത്ത നോട്ടം.
പൂര്‍ത്തിയാവാത്ത ഒരു വാചകം തടഞ്ഞിട്ടെന്ന പോലെ
പിളര്‍ന്നു തന്നെയിരിക്കുന്ന വായ.
പേടിപ്പെടുത്തുന്ന പല്ലുകള്‍....!.
അതിനെ തിരികെ കടലിലേക്കൊഴുക്കിവിടാന്‍
ഒരു വേള തുനിഞ്ഞതായിരുന്നു ഞാന്‍....
'അരുത്. കളയരുത്. ഭക്ഷണം പാഴാക്കരുത്.'
ലോഹയണിഞ്ഞു വന്ന ഒരു ഇമെയില്‍ സുവിശേഷം
ഗിരിപ്രഭാഷണം തുടങ്ങി:

'നിന്റെ ഭക്ഷണത്തിന് രുചി പോരെന്നു തോന്നുമ്പോള്‍
നീ സോമാലിയയിലെ ജനങ്ങളെ പറ്റിയോര്‍ക്കുക.
ചെരിപ്പില്ലാത്തതാണ് നിന്റെ ദുഖമെങ്കില്‍
കാലില്ലാത്തവനെ പറ്റി ഓര്‍ത്ത്‌ ആഹ്ലാദിപ്പിന്‍...
വരിയുടയ്ക്കപ്പെട്ട കാളകളെ ആലോചിച്ച്‌
സ്വയംഭോഗം ചെയ്ത് സംത്രിപ്തരായിക്കൊള്ക.'

മീന്‍ ശരിയായി വെന്തിട്ടില്ല.
കടലിന്റെ ഉപ്പുരസം  പോയിട്ടില്ല.
എന്നാലും ഞാന്‍ പരാതി പറഞ്ഞില്ല.
ഇമെയിലില്‍ നിന്ന് സോമാലി കുഞ്ഞുങ്ങളിറങ്ങി വന്ന്‌
സ്വീകരണമുറിയില്‍ നിരന്നു നിന്നു.
പകുതി പിളര്‍ന്ന ചുണ്ടുകളോടെ,
ശേരിമീനിന്റെ കണ്ണുകളോടെ,
വയറൊട്ടി, എല്ലുന്തി, കറുത്ത കുഞ്ഞുങ്ങള്‍..
എന്റെ വിശപ്പ്‌ കൂട്ടി.
ഊണും കഴിഞ്ഞു കൈ കഴുകി
തീന്മേശയില്‍ ബാക്കിയായ മീനിന്റെ ഫോസ്സില്‍
കളഞ്ഞിട്ടു വന്ന്‌ നോക്കുമ്പോഴും
സ്വീകരണമുറിയില്‍ സോമാലിയയിലെ അഭയാര്‍ഥികള്‍..!!.
അല്‍പ്പം നീരസത്തോടെ ഞാന്‍ പറഞ്ഞു:
ഇനി തിരിച്ചു പൊയ്ക്കോളൂ, എനിക്കൊന്ന് ഉറങ്ങണം.'










4 comments:

  1. ദൃശ്യകലയോട്‌ നിയാസിനുള്ള അത്യാര്‍ത്തി അടയാളപ്പെടുത്തുന്ന കാഴ്ചക്കവിത.ചൊല്ലിക്കേള്‍പ്പിക്കാനല്ല ചൊല്ലിക്കാണിക്കാനുള്ള എഴുത്തുദൃശ്യം.എന്നാലും ദൃശ്യകലയുടെ ആഴസൌന്ദര്യമായ നിശബ്ദതയെ നിയാസ്‌ ഇടയ്ക്കെല്ലാം മറന്നുപോയിട്ടുണ്ട്‌ .

    ReplyDelete
  2. പരത്തി പറയുമ്പോ കവിതയുടെ ഗുണവും സൗന്ദര്യവും എല്ലാ നഷ്ടപ്പെടുന്നു എന്ന തോന്നല്‍ എനിക്കും ഉണ്ട് നസീര്‍ക്കാ...... ആശയത്തെ ഊന്നിപ്പറഞ്ഞു കൂടുതല്‍ ആളുകളെ കൊണ്ട് അന്ഗീകരിപ്പിക്കാനുള്ള വ്യഗ്രത കൊണ്ടാവാം. കൂടുതല്‍ എഴുതി തഴക്കം വരുമ്പോ ശെരിയാവും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. melparanja comment angadu manassilayilla...
    But i liked the stuff.... I used to laugh on the last dialogue even before.

    ReplyDelete
  4. ഹാന്സാ.. നീ പറഞ്ഞതും മനസ്സിലായില്ല.. മേല്‍ പറഞ്ഞ കമന്റ്‌ ആണോ ഇഷ്ടമായത്? അതിലെ ലാസ്റ്റ് ലൈന്‍ വായിച്ചപ്പോ ആണോ ചിരി വന്നത്?

    ഇത് വഴി വന്നതില്‍ സന്തോഷം... :)

    ReplyDelete