Monday, July 16, 2012

സമാന്തരപ്രപഞ്ചം



ഇറച്ചിക്കടയില്‍ തൂങ്ങിക്കിടക്കുന്ന
തല മാത്രം ബാക്കിയായ ആട്,
നനഞ്ഞ പുല്ലില്‍ മേഞ്ഞു നടക്കുന്നുണ്ട്.
അകിട് ചുരത്തുന്നുണ്ട്.
കയറു പൊട്ടിച്ചോടുന്നുണ്ട്.

ആയിരക്കണക്കിന് കെട്ടിടങ്ങളിലെ
ആയിരക്കണക്കിന് ഓഫീസുകളിലേക്ക്
ലിഫ്റ്റുകളില്‍  കയറിപ്പോയ കാലുകള്‍,
കടപ്പുറത്തെ പൂഴിമണ്ണിലേക്ക്
വിരലുകളമര്‍ത്തി നൂണ്ടു കയറുന്നുണ്ട്.
തൊടിയിലും വഴിവക്കിലും
ചെളിവെള്ളം തെറിപ്പിച്ചോടി നടക്കുന്നുണ്ട്.

ഒരു സമാന്തര പ്രപഞ്ചത്തില്‍,
കൊടുക്കപ്പെടാത്ത ചുംബനങ്ങളും
എഴുതപ്പെടാത്ത വരികളും
അടക്കിപ്പിടിച്ച ചിരികളും
പാട്ട പെറുക്കുന്ന അണ്ണാച്ചിക്കുട്ടികളും എല്ലാം
കുളിച്ചു കുട്ടപ്പന്മാരായി കവലയിലെത്തി
അടുത്ത ബസ്സിനു കാത്തു നില്‍ക്കുന്നുണ്ട്.

No comments:

Post a Comment