Monday, July 23, 2012

ജാരന്മാരുടെ കലാപം

എല്ലാ വിഷയങ്ങളിലും ഒന്നാമാനായിരുന്നവന്‍,
ഡേവിഡ്‌ ജോണ്‍.
ബയോളജി ക്ലാസ്സില്‍ ഇരിക്കുമ്പോ
 മേരി ടീച്ചറുടെ സാരി തെല്ലൊന്നു നീങ്ങിയതു കണ്ട്
കണ്ണുകള്‍ ഇറുകെയടച്ചവന്‍.
സില്‍ക്ക്‌ സ്മിതയുടെ പോസ്റ്റര്‍ കണ്ട്
കാലുകല്‍ക്കിടയിലെ പാപത്തിന്റെ കുറ്റിക്കാട്ടില്‍,
ഒരു ഇഴജന്തുവിന്റെ അനക്കമറിഞ്ഞപ്പോള്‍
കുമ്പസരിക്കാന്‍ പള്ളിയിലേക്കോടിയവന്‍.
മുന്നൂറ്റി ഇരുപത്തിയഞ്ച് സ്ക്വയര്‍ ഫീറ്റ്‌ മുറിക്കകത്ത്
കിംഗ്‌ സൈസ് കട്ടിലില്‍ കിടന്ന്
വീണ്ടുമൊരു പാപം ചെയ്ത വിറയലോടെ
തളര്‍ന്നു കിടക്കുന്നു.
കയ്പ്പുള്ള വാക്കുകള്‍, 
ചൂടെടുക്കുന്നെന്നും പറഞ്ഞ്
ഭാര്യയെ നീക്കിക്കെടുത്തുന്നു.
പാവം, അവനറിയുന്നില്ലല്ലോ..
നിശബ്ദമായി അവളൊരു കലാപത്തിനു കോപ്പ് കൂട്ടുന്നത്‌.

ഒരു ഗര്‍ഭപാത്രത്തെയും,
അതിനോട് ഘടിപ്പിച്ച ഒരു യോനിയെയും,
വീട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്
ഇറച്ചിക്കടക്കാരന്റെ മകന്‍.
ഇടനിലക്കാരനെയും കൂട്ടിപ്പോയി
ചായയും കുടിച്ച് 
വെടിവട്ടം പറയുന്നതിനിടയില്‍
കച്ചോടമുറപ്പിച്ചതായിരുന്നു.
ചുമട്ടുകൂലിയും സര്‍വീസ് ചാര്‍ജും 
ഈടാക്കിയിട്ടുണ്ട്.
ഇന്നലെയായിരുന്നു ആദ്യം കണ്ടത്‌.
ഇന്ന് നികാഹ്.
ഞാനൊരു മുന്നറിയിപ്പ് കൊടുത്തു:

സൂക്ഷിക്കണം!
കൂര്‍പ്പിച്ച ലിംഗങ്ങളുമായി
കുന്നും മലയുമിറങ്ങി
ജാരന്മാരുടെ പട വരുന്നുണ്ട്.
വേദഗ്രന്ഥങ്ങളും ശ്ലോകങ്ങളും
ഉരുവിട്ടിരുന്നിട്ട് കാര്യമില്ല.
കുരിശ് കാണിച്ച് പേടിപ്പിക്കാനൊക്കില്ല.
ഇരുട്ടിന്റെ സ്വകാര്യതയിലേക്ക്
ഭാഷയും ചരിത്രവും പഠിച്ചിട്ടില്ലാത്ത
വന്യമൃഗങ്ങളെ തുറന്നു വിടുമവര്‍.
പഴയ ഒരു കൂട്ടുകാരനായോ,
തോട്ടക്കാരനായോ, 
ഡ്രൈവറായോ വന്ന്
നിന്റെ കിടക്കവിരിയില്‍ അവന്റെ വിയര്‍പ്പ് പറ്റിക്കും.
ചുമരില്‍ തൂക്കിയിട്ട കുടുംബഫോട്ടോയില്‍ നിന്ന്
അപരിചിതരായ കുട്ടികള്‍ നിന്നെ തുറിച്ചു നോക്കും.

ഇന്നലെ രാത്രി ഞാനും കണ്ടിരുന്നു,
ഇരുട്ടത്ത് പതുങ്ങിപ്പോവുന്ന ഒരു ജാരനെ.
പിടിച്ചു നിര്‍ത്തി ചോദിച്ചു:
'നിനക്കും ഇല്ലെടാ അമ്മേം പെങ്ങന്മാരും?'
ഇല്ലെന്നു പറഞ്ഞു അവന്‍.
അലമാരയിലെ ഷെല്‍ഫില്‍, 
വീടിന്റെ ആധാരത്തിനും
വണ്ടിയുടെ ബുക്കും പേപ്പറിനുമടുത്തായി
അടുക്കി വെച്ചിരുന്ന അമ്മേം പെങ്ങന്മാരും,
ഒരു നാള്‍ ചോരയും നീരും വെച്ച്
എങ്ങോട്ടോ ഇറങ്ങിപ്പോയിക്കളഞ്ഞത്രേ.


No comments:

Post a Comment