Monday, July 16, 2012

രണ്ടേക്കര്‍ ഭൂമി (ഒരു ചെറ്യേ കഥ).മനുഷ്യന്മാരും പട്ടികളും പുച്ചകളും എല്ലാം ചോറും എച്ചിലുമൊക്കെ യഥാക്രമം കഴിച്ച് മയങ്ങാന്‍ കിടന്ന ഒരു നട്ടുച്ചയ്ക്ക് ദൈവവും അമ്മുട്ടി  ഹാജിയുടെ രണ്ടേക്കര്‍ ഭൂമിയും തമ്മില്‍ വര്‍ത്താനം പറയാനിരുന്നു. അന്ന് വെളുപ്പിന് നടന്ന രണ്ടു മരണങ്ങളിലെ പോരുത്തക്കേടിനെ പറ്റി. ഹാജ്യാരുടെയും പിന്നെ പേരില്ലാത്ത ഒരു കൊടിച്ചിപ്പട്ടീടെം.

 രണ്ടേക്കര്‍ ഭൂമി പറഞ്ഞു: 'ഹാജ്യാര് മരിച്ചതും പട്ടി മരിച്ചതും ഏതാണ്ട് ഒരേ സമയത്തായിരുന്നല്ലോ...' വാചകത്തിലെ വ്യാകരണ പിശക് ചൂണ്ടിക്കാട്ടിക്കൊണ്ട് ദൈവം ഇടയ്ക്കു കേറി പറഞ്ഞു: 'ഹാജ്യാര് മരിച്ചതും പട്ടി ചത്തതും..' മരണം പോലെ അതീവ ഗൌരവമേറിയ കാര്യമായിട്ടും ഇത് പറയുമ്പോ ദൈവം ചിരിയടക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു.

രണ്ടേക്കര്‍ഭൂമി കഥ തുടര്‍ന്നു: 'ഇന്നും  ഹാജ്യാര്  സുബ്ഹി ബാങ്കിന് മുന്‍ബ്‌ ഉറക്കം എണീറ്റു. പല്ല് തേച്ചു, വെളിക്കിരുന്ന ശേഷം പതിവ് കട്ടന്‍ കാപ്പിയും കുടിച്ചു. ദുബായിലുള്ള മൂത്ത മോന്‍ കൊടുത്തയച്ച ടോര്‍ച്ചും ദസ്ബിയും എടുത്തു എല്ലാ ദിവസത്തെയും പോലെ പള്ളിയിലേക്ക് പുറപ്പെട്ടതാണ്. പക്ഷെ ഇന്ന് മാത്രം  ഹാജ്യാര്  തന്റെ ഗോള്‍ഡ്‌ ഫ്രെയിം ഉള്ള വട്ടകണ്ണട എടുക്കാന്‍ മറന്നു. പള്ളിയിലേക്കുള്ള വളവും കഴിഞ്ഞു റോഡ്‌ മുറിച്ചു കടക്കുമ്പോ മീന്‍ കയറ്റി വന്ന ഒരു ആപ്പേ വണ്ടി ഇടിച്ചിട്ടാണ്  ഹാജ്യാര്  മരിച്ചത്. തന്റെ കണ്ണട എടുക്കാന്‍ മറന്നതിനെ പറ്റി ആയിരുന്നു വണ്ടി ഇടിക്കുന്നതിനു തൊട്ടു മുന്ബുള്ള നിമിഷത്തില്‍  ഹാജ്യാര്  ആലോചിച്ചത്. വണ്ടി നിര്‍ത്താതെ പോയി. നേരം വെളുക്കുന്നതിനു മുന്ബായതിനാലും അടുത്തെങ്ങും ഒരു വീട് പോലും ഇല്ലാത്തതിനാലും, ആരും തിരിഞ്ഞു നോക്കാനില്ലാതെ, ഒരിറ്റു വെള്ളം പോലും കിട്ടാതെ, ഏതോ തെരുവുപട്ടി ചാവുന്ന പോലെ ചോര വാര്‍ന്നാണ് ചത്തത്! അല്ല, നിര്യാതനായത്.'

'പട്ടിയാണെങ്കില്‍ അതെ സമയത്ത് അറ്റാക്ക് വന്നും മരിച്ചു. മരണത്തിന്റെ തലേ ദിവസം പതിവ് പോലെ വളരെ മോശം ദിവസം ആയിരുന്നു പട്ടിക്ക്‌..!. കല്ലേറും ആട്ടും ശകാരവും സഹിച്ച്‌ കണ്ട റോഡു വക്കിലും പറമ്പിലുമൊക്കെ തിന്നാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയുള്ള നടത്തം തന്നെ. രാത്രിയായിട്ടും ഒന്നും കിട്ടാതെ നടക്കുമ്പോള്‍ കിട്ടിയ ഒരു മണത്തിന്റെ പിന്നാലെ പോയി അവസാനം ഒരു എച്ചില്‍ പൊതി കണ്ടെത്തി. ഹാജ്യാരുടെ അതെ പ്രായം വരുന്ന, അതെ പോലെയുള്ള കണ്ണടയും താടിയും വെച്ച, ചിരിക്കുന്ന ഒരു വയസ്സന്റെ പടം ഉണ്ടായിരുന്നു പൊതിയുടെ പുറത്ത്‌..  ഉള്ളില്‍ പകുതിയും മുക്കാലും തിന്ന് തീര്‍ത്ത ചിക്കന്‍ പീസുകള്‍.. അതെല്ലാം കടിച്ചു പറിച്ചും നക്കിതുടച്ചും തിന്ന് തീര്‍ത്ത് സന്തോഷത്തിന്റെ രണ്ട്  ഓരിയുമിട്ടു ഉറങ്ങാന്‍ കിടന്നതായിരുന്നു പട്ടി. സുബ്ഹി ബാങ്കിന് മുന്‍ബ്‌ വന്നു വിളിച്ച മരണത്തിന്റെ മണത്തിന്റെ പിന്നാലെ പോയി. ഉറക്കത്തില്‍ ഒന്ന് തിരിഞ്ഞു കിടക്കുന്ന ലാഘവത്തോടെ കൂളായി മരിച്ചു, ക്ഷമിക്കണം, ചത്തു, കൊടിച്ചി പട്ടി. പുണ്യം ചെയ്ത മനുഷ്യന്മാരൊക്കെ മരിക്കുമെന്ന് കരുതപ്പെടുന്ന സുഖമരണം.'

അറിയാവുന്ന കഥയായതു കൊണ്ട് ഇത്രയും കേട്ട് കഴിഞ്ഞപ്പോഴേക്കും ദൈവത്തിനു ബോറടിച്ചു. അപ്പോള്‍ കൊട്ടുവായിടുന്ന ദൈവത്തിനെ രസിപ്പിക്കാനായി ഹാജ്യാരുടെ രണ്ടേക്കര്‍ ഭൂമി തന്റെ ആധാരം ഉറക്കെ വായിക്കാന്‍ തുടങ്ങി. ഒരാഴ്ച മുന്‍ബ്‌ രണ്ടേക്കര്‍ ഭൂമിയെ സ്വന്തമാക്കാന്‍ വേണ്ടി ഹാജ്യാര് എഴുതിച്ച്‌ ഒപ്പിട്ടതായിരുന്നു ആധാരം.

'ചാവക്കാട് താലൂക് ഒരുമനയൂര്‍ വില്ലേജ് ഇരട്ടപ്പുഴ ദേശത്ത് 10 /666 നമ്പര്‍ വീട്ടില്‍ താമസം നൂല്പ്പാടത്ത് അറക്കല്‍ കുഞ്ഞലവി മകന്‍ അമ്മുട്ടി 65 വയസ്സ് എന്നിവര്‍ക്ക് എഴുതിക്കൊടുത്ത തീറാധാരം. അംശം സര്‍വ്വേ 4 /17 ല്‍ പെട്ട 2 ഏക്കര്‍ (200 സെന്‍റ്) പറമ്പ് വഹകള്‍ കടപ്പുറം അംശം അന്ജങ്ങാടി ദേശത്ത് വലിയകത്ത് അബ്ദുല്‍ ഖാദര്‍ പക്കല്‍ നിന്നും ചാവക്കാട് സബ് രെജിസ്ട്രാര്‍ ഒന്നാം ബുക്ക്‌ 693 വാള്യം 2007 ല്‍ 547 നമ്പര്‍ ആധാര പ്രകാരം 21000 രൂപ വിലയ്ക്ക് തീറ് വാങ്ങി കൈവശം വെച്ച് എന്റെ പേരില്‍ പൂട്ടി പോക്കുവരവ് ചെയ്ത് സര്‍വ്വ സ്വാതന്ത്ര്യാവകാശ സഹിതം നിരാക്ഷേപം അടക്കി അനുഭവിച്ചു വരുന്നതും എനിക്ക് മാത്രം അവകാശമുള്ളതും എന്റെ പരിപൂര്‍ണ ക്രയവിക്രയ സ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതും ആകുന്നു.'

ആധാരം വീണ്ടും വീണ്ടും വായിച്ച് രണ്ടാളും കുറെ ചിരിച്ചു. രണ്ടേക്കര്‍ ഭൂമിയുടെ അളവെടുക്കലിന്റെ അന്ന് വലിയകത്ത് അബ്ദുല്‍ ഖാദറും തൊട്ടടുത്ത പറമ്പിന്റെ കൈവശക്കാരന്‍ മേലേടത്ത് ഗോവിന്ദനും തമ്മില്‍ അതിര് തര്‍ക്കത്തിന്റെ പേരില്‍ ഉന്തും തള്ളും ഉണ്ടായപ്പോ ചിരിച്ചതിനെക്കാള്‍ കൂടുതല്‍ ചിരിച്ചു. ദൈവവും, നിര്യാതനായ ഹാജ്യാരുടെ പരിപൂര്‍ണ ക്രയവിക്രയ സ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതായ രണ്ടേക്കര്‍ ഭൂമിയും.മനുഷ്യന്മാരും പട്ടികളും പൂച്ചകളും എല്ലാം ഇപ്പൊ എണീക്കും എന്ന ഉറപ്പോടെ മയങ്ങാന്‍ കിടന്ന ഒരു നട്ടുച്ചയ്ക്ക്.


No comments:

Post a Comment